സവിനയം നാം മുന്നോട്ട് - എഡിറ്റോറിയല്‍

ഒരു സത്യവിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം മരണാനന്തരം അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹമായ സ്വര്‍ഗം കരസ്ഥമാക്കലാണ്. അല്ലാഹുവും അവന്റെ തിരുദൂതനും പറഞ്ഞ് തന്ന വഴിയിലൂടെയല്ലാതെ ഈ മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടില്ല. ഇസ്‌ലാമെന്ന ഒരൊറ്റ വാഹനം മാത്രമേ സ്വര്‍ഗ്ഗമെന്ന ലക്ഷ്യസ്ഥാനത്തേക്ക് മനുഷ്യനെ എത്തിക്കുകയുള്ളൂ. അല്ലാഹുവിന്റെ അമ്പിയാക്കളഖിലവും സഞ്ചരിച്ചതും ആളുകളോട് അവര്‍ കയറാനാവശ്യപ്പെട്ടതുമായ വാഹനം ഇസ്‌ലാം മാത്രമാണ്. സ്വര്‍ഗ്ഗപാതയെന്നത് അത്ര സുഖകരമായ പാതയല്ല. കല്ലും മുള്ളും കുണ്ടും കുഴിയും ചുരവും മലമ്പാതയും നിറഞ്ഞ ദുര്‍ഘട പാതയാണത്. എല്ലാ ദുരിതങ്ങളും ദുര്‍ഘടാവസ്ഥകളും താണ്ടിയും തരണം ചെയ്തും വേണം സ്വര്‍ഗ്ഗമെന്ന ലക്ഷ്യസ്ഥാനത്തെത്താന്‍. മനുഷ്യരുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ അമ്പിയാക്കളായിരിക്കുമെന്നും പിന്നെ അവരോടടുത്ത് നില്‍ക്കുന്നവരാണെന്നുമുള്ളത് അല്ലാഹുവിന്റെ റസൂലിന്റെ തിരുമൊഴിയാണ്. അല്ലാഹുവിന്റെ അടിമകളില്‍ ഒന്നാമതായി സ്വര്‍ഗ്ഗമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ച മഹോന്നതര്‍ അവന്റെ അമ്പിയാക്കളാണ്. ഓരോ നബിയും സ്വര്‍ഗ്ഗപാതയില്‍ അനുഭവിച്ചു തീര്‍ത്ത യാതനകളും വേദനകളും അളവറ്റതാണെന്ന് ക്വുര്‍ആനിലൂടെ അല്ലാഹു പറഞ്ഞ് പഠിപ്പിച്ച അമ്പിയാക്കളുടെ ചരിത്രങ്ങള്‍ നല്‍കുന്ന പ്രധാന പാഠം അതാണ്. അമ്പിയാക്കളില്‍ പലരും അതികഠിനമായി ദ്രോഹിക്കപ്പെട്ടു. ചിലരൊക്കെ അക്രമികളുടെ കൈകളാല്‍ വധിക്കപ്പെട്ടു. പക്ഷെ അവരാരും ലക്ഷ്യം മറന്നില്ല. സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള തങ്ങളുടെ പ്രയത്‌നം സാക്ഷാല്‍കൃതമായതിന് ശേഷമേ അവരുടെയൊക്കെ ഐഹിക യാത്ര അവസാനിച്ചുള്ളൂ. 
കഠിനമായ പ്രയത്‌നങ്ങളും അളവറ്റ ക്ഷമയും സഹനവും സ്വര്‍ഗ്ഗം തേടിയുള്ള യാത്രക്കാരന്റെ സഹചാരിയായിരിക്കണം. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന കര്‍മ്മങ്ങളും ധര്‍മ്മങ്ങളും നിലനിര്‍ത്താന്‍ സഹനവും സ്ഥൈര്യവും അവനുണ്ടാകണം. സത്യത്തോടും നീതിയോടുമുള്ള ഉറച്ച പ്രതിബദ്ധത ഒരുപാട് ശത്രുക്കളേയും വിദ്വേഷികളേയും വിരോധികളേയും ക്ഷണിച്ച് വരുത്തുന്നതാണ്. അതൊക്കെയും ക്ഷമയോടെ നേരിടാനുള്ള കെല്‍പ്പ് ഒരു സത്യവിശ്വാസിക്ക് അനിവാര്യമാണ്. 
സലഫിന്റെ വിശ്വാസവും സംസ്‌കാരവും പിന്‍പറ്റിക്കൊണ്ട് അഹ്‌ലുസ്സുന്നയുടെ സരണിയില്‍ നിലയുറപ്പിച്ച് കൊണ്ട് യഥാര്‍ത്ഥ സലഫീ അക്വീദയും മന്‍ഹജുമനുസരിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന പരിമിതമായ ഒരു സംഘം പ്രബോധകര്‍ ഇന്ന് ലോകത്തുടനീളം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. അതികഠിനമായ പരീക്ഷണങ്ങളുടെ നടുവിലൂടെയാണ് എക്കാലത്തും ഈ കൊച്ചുസംഘം സഞ്ചരിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ കഠിന വിരോധികളായ ദുഃശക്തികളില്‍ നിന്നുള്ളതിനേക്കാള്‍ വലിയ പരീക്ഷണങ്ങളാണ് മുസ്‌ലിം സമൂഹത്തിനുള്ളില്‍ നിന്ന് യഥാര്‍ത്ഥ അഹ്‌ലുസ്സുന്നയുടെ ആളുകള്‍ക്ക് നേരിടേണ്ടി വരുന്നത്. അഹ്‌ലുസ്സുന്നയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ഉമ്മത്തില്‍ യഹൂദ പാരമ്പര്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരായ സൃഷ്ടി പൂജയുടേയും ക്വബ്ര്‍ പൂജയുടേയും ആളുകളാണ് ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തൗഹീദിന് പകരം ശിര്‍ക്കിന്റേയും സുന്നത്തിന് പകരം ബിദ്അത്തിന്റേയും ഈമാനിന് പകരം കുഫ്‌റിന്റേയും പ്രബോധനങ്ങളാണ് അവര്‍ നടത്തുന്നത്. യഥാര്‍ത്ഥ അഹ്‌ലുസ്സുന്നയെ പ്രതിനിധീകരിക്കുന്നവരെ ബിദഇകള്‍ എന്നിവര്‍ മുദ്ര കുത്തുന്നു. ഈ മതവാണിഭക്കാരെ ആളുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. 
സലഫീ പാരമ്പര്യം അവകാശപ്പെടുന്നയാളുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. സുന്നത്ത് പിന്‍പറ്റുന്നവരേയും ദീനിന്റെ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കല്‍പനകള്‍ പിന്തുടരാന്‍ ശ്രമിക്കുന്നവരേയും തീവ്രവാദികളെന്നും ഭീകരവാദികളെന്നും മുദ്ര കുത്തി അഹ്‌ലുസ്സുന്നയുടെ പ്രബോധനത്തെ തിരസ്‌കരിക്കാനും പ്രബോധകരെ ശത്രുക്കള്‍ക്ക് ഒറ്റു കൊടുക്കാനുമുള്ള ശ്രമങ്ങളാണ് ഈ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ദേഹേച്ഛക്കനുസരിച്ച് തീരുമാനിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക്, അല്ലെങ്കില്‍ തങ്ങളുടെ സംഘടനക്കാര്‍ തീരുമാനിച്ചുറപ്പിച്ച് വെച്ച നിലപാടുകളോട് എതിരാകുന്ന എന്തിനേയും തള്ളുകയും തകര്‍ക്കുകയും ചെയ്യുക എന്നതാണ് ഈ ആളുകളുടെ നിലപാട്. സ്വഹീഹായ ഹദീഥുകള്‍ക്കനുസരിച്ച് ജീവിതക്രമത്തില്‍ മാറ്റം വരുത്തുന്നയാളുകളെ അവമതിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഈ ആളുകള്‍ പ്രമാണങ്ങളെയാണ് പുച്ഛിക്കുന്നത്. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര് കാണാന്‍ കൊതിക്കുന്ന അമ്മായിയമ്മയുടെ മനസ്ഥിതിയാണ് ഇക്കൂട്ടര്‍ക്ക്. അഹ്‌ലുസ്സുന്ന തകര്‍ന്നാലും സലഫീ ആദര്‍ശം തകര്‍ന്നാലും കുഴപ്പമില്ല, തങ്ങളുടെ പ്രതിയോഗികള്‍ ഇല്ലാതാകണമെന്നും തങ്ങളുടെ സംഘടനാ താല്‍പര്യം വിജയിക്കണമെന്നുമാണ് ഇവരുടെ ഇടുങ്ങിയ ചിന്ത. 
ഈയിടെയായി കേരളത്തിലുണ്ടായ തിരോധാന വിവാദ പശ്ചാതലത്തില്‍ കേരളത്തിലെ വിവിധ മുജാഹിദ് ഗ്രൂപ്പുകാരും ജമാഅത്തെ ഇസ്‌ലാമിയും സ്വീകരിച്ച നിരുത്തരവാദപരമായ സമീപനങ്ങള്‍ നിരപരാധികളും സാത്വികരുമായ പല നല്ല മനുഷ്യരുടേയും ജീവിതത്തില്‍ വിസ്മരിക്കാനാകാത്ത പല പരീക്ഷണങ്ങള്‍ക്കും ഇടയായിട്ടുണ്ട്. സാധുക്കളായ പല നല്ല മനുഷ്യരേയും അന്വേഷണ ഉദ്യേഗസ്ഥന്‍മാര്‍ നിരന്തരം ചോദ്യം ചെയ്തു. തങ്ങള്‍ ഇഷ്ടപ്പെടാത്ത ആളുകളെ കുരുക്കാന്‍ കൂടൊരുക്കി കാത്ത് നിന്നവര്‍ക്ക് തങ്ങള്‍ സ്ഥാപിച്ച കെണിയില്‍ സ്വന്തക്കാര്‍ ചെന്ന് വീണത് കാണേണ്ട ഗതികേടുമുണ്ടായി. 
കുറച്ച് സാധുക്കള്‍ക്ക് ചില പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നുവെങ്കിലും പല പുകമറകളും നീങ്ങി കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുവാന്‍ സാഹചര്യമുണ്ടായി എന്നതാണ് കഴിഞ്ഞ വിവാദത്തോടെ സലഫികളെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന കാര്യം. അല്ലാഹുവിന്റെ ദീനില്‍ ഉറച്ച് നില്‍ക്കുകയും അവന്റെ ദീനിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാകുമെന്ന ഉറപ്പ് അല്ലാഹു നല്‍കിയിട്ടുണ്ട്. സലഫീ ആദര്‍ശത്തെ നശിപ്പിക്കാന്‍ തന്ത്രം മെനഞ്ഞവര്‍ക്ക് സ്വയം തകരേണ്ടി വന്നതും സലഫികള്‍ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതരായതും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടുതന്നെ. സര്‍വ്വശക്തനായ റബ്ബേ! നീയാണ് ഞങ്ങളുടെ അഭയം. ഞങ്ങള്‍ നിന്നില്‍ ഭരമര്‍പ്പിച്ചിരിക്കുന്നു. ഞങ്ങളെ സഹായിക്കേണമേ. ആമീന്‍. 

PDF icon Download PDF (45.26 KB)