സലഫികള്‍ക്കെതിരെ തീവ്രവാദം ആരോപിക്കുന്ന ജമാഅത്തിന്റെ തനിനിറം - ബഷീര്‍ സലഫി

ജമാഅത്ത് ഒളിയജണ്ടകളും കഥയറിയാതെ ആടുന്ന മുജാഹിദ് ഗ്രൂപ്പുകളും

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ തുടരെ സംഭവിച്ച് കൊണ്ടിരുന്ന തര്‍ക്കങ്ങളും ഭിന്നിപ്പുകളും അതിന്റെ അനുയായികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള അങ്കലാപ്പുകളും അരാജകാവസ്ഥയും പരമാവധി മുതലാക്കാനുള്ള കഠിന പ്രയത്‌നത്തില്‍ മുഴുകിയിരിക്കുകയാണ് ഇവിടത്തെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍. മുജാഹിദ് ഗ്രൂപ്പുകളെ പരസ്പരം തല്ലിക്കുവാന്‍ തങ്ങളുടെ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ച് ജമാഅത്തുകാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അഴിഞ്ഞിലം സമ്മേളന പശ്ചാതലത്തില്‍ ഇറങ്ങിയ പ്രബോധനത്തില്‍ സമ്മേളന നടത്തിപ്പുകാരായ ഗ്രൂപ്പിന്റെ നേതാവുമായുള്ള അഭിമുഖമായിരുന്നു പ്രധാന വിഭവം. പിന്നീട് പലപ്പോഴായി മാധ്യമത്തിന്റെ എഡിറ്റോറിയലിലും പ്രബോധനത്തിലെ ഒട്ടനവധി ലേഖനങ്ങളിലും ഈ പിന്തുണ ജമാഅത്ത് ആവര്‍ത്തിച്ചു. എന്നാല്‍ തിരോധാന വിവാദത്തിന്റെ പശ്ചാതലത്തില്‍ ജമാഅത്ത് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഔദ്യോഗിക വിഭാഗം മുജാഹിദുകളെ പാടെ മാറ്റി നിര്‍ത്തുകയും അതുവരെ ജമാഅത്തുകാര്‍ ആക്ഷേപിച്ചവരായ ആളുകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തു. മുജാഹിദ് പ്രസ്ഥാനം ആകെപ്പാടെ അരക്ഷിതമായിരിക്കുന്നു, കൊള്ളരുതാത്ത സാധനമായിത്തീര്‍ന്നിരിക്കുന്നു എന്ന നിലയിലുള്ള പൊതുബോധം സൃഷ്ടിച്ച് മുതലെടുക്കുക എന്നതാണ് ജമാഅത്തിന്റെ കുതന്ത്രം. എന്നാല്‍ കുട്ടനേയും മുട്ടനേയും ഏറ്റുമുട്ടിച്ച് ഇടി മൂക്കുമ്പോള്‍ അവരുടെ ശിരസ്സുകള്‍ പൊട്ടി പുറത്ത് ചാടുന്ന ചോര കുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെ കഥയുടെ റോളിലാണ് ജമാഅത്തുകാരന്റെ കളിയെന്ന് തിരിച്ചറിയാന്‍ വിദ്വേഷം മൂത്ത മുജാഹിദ് ഗ്രൂപ്പുകാര്‍ക്കും അതിന്റെ നായകര്‍ക്കും കഴിയാതെ പോകുന്നു. 
കേരളത്തിലെ തിരോധാന വിവാദ പശ്ചാതലത്തില്‍ ഇറങ്ങിയ ജമാഅത്തുകാരുടെ പ്രബോധനം സലഫികള്‍ക്ക് നേരെ തീവ്രവാദവും ഭീകരവാദവും ആരോപിച്ച് കൊണ്ട് രണ്ട് ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതിന് മുമ്പും ഈ വിഷയത്തില്‍ ജമാഅത്ത് പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തില്‍ നിന്ന് തിരോധാനം ചെയ്യപ്പെട്ട ചെറുപ്പക്കാരുടെ തീവ്രവാദ ചിന്തകള്‍ക്ക് പ്രേരകമായത് സലഫീ ആദര്‍ശം സ്വീകരിച്ചതാണെന്ന കുപ്രചരണമാണ് പ്രസ്തുത ലേഖനങ്ങളിലൂടെ പ്രബോധനം നടത്തിയിരിക്കുന്നത്. കാസര്‍കോട് നിന്ന് കാണാതായ ചെറുപ്പക്കാരൊക്കെയും അടിസ്ഥാനപരമായി സമസ്തക്കാരുടെ കുടുംബ പാരമ്പര്യത്തില്‍ നിന്നുള്ളവരാണെന്നും അഭ്യസ്തവിദ്യരായ ഈ ചെറുപ്പക്കാര്‍ കേരളത്തിലെ സലഫീ പ്രബോധനത്തില്‍ ആകൃഷ്ടരായെന്നും അങ്ങനെയവര്‍ തീവ്ര ആത്മീയതയുടെ ഭാഗമായിത്തീര്‍ന്നു എന്നുമാണ് ജമാഅത്തുകാര്‍ സ്ഥാപിക്കുന്നത്. കേട്ടുകേള്‍വിയും പറഞ്ഞുകേള്‍വിയുമാണ് ലേഖനത്തിന്റെ പ്രധാന അവലംബം. സലഫികള്‍ക്കെതിരെ തീവ്രവാദമോ ഭീകരവാദമോ ആരോപിക്കാന്‍ പറ്റിയ ഖണ്ഡിതമായ ഒരു തെളിവും പ്രബോധനം ലേഖനങ്ങളില്‍ മുങ്ങിത്തപ്പിയാലും കാണില്ല. 
പ്രബോധനം ലേഖനത്തിലെ നെറികേടുകളെപ്പറ്റി ജമാഅത്തിന്റെ ഉത്തരവാദപ്പെട്ടവരോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടികള്‍ രസകരമാണ്. മുജാഹിദുകള്‍ കിട്ടുന്ന വേദികളിലെല്ലാം ജമാഅത്തുകാര്‍ക്കെതിരില്‍ തീവ്രവാദം ആരോപിക്കാറുണ്ട്. അതിനാല്‍ ജമാഅത്തുകാര്‍ക്ക് തിരിച്ച് സലഫികള്‍ക്കെതിരില്‍ തീവ്രതയും ഭീകരതയും ആരോപിക്കാന്‍ കിട്ടിയ അവസരം ജമാഅത്ത് ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്!
എത്ര ലാഘവത്തോടെയാണ് ജമാഅത്തുകാര്‍ ഒരു പ്രധാന വിഷയം കൈകാര്യം ചെയ്യുന്നത്! ഇതാണ് ജമാഅത്ത്! 
അവരുടെ രണ്ടാമത്തെ മറുപടി, ''യഥാര്‍ത്ഥ സലഫികള്‍ തീവ്രവാദികളോ ഭീകരവാദികളോ അല്ല, യഥാര്‍ത്ഥ സലഫികള്‍ തീവ്രവാദത്തെയോ ഭീകരവാദത്തെയോ പ്രോത്സാഹിപ്പിക്കുന്നവരുമല്ല, എന്നാല്‍ സലഫീ പാരമ്പര്യമുള്ളവരില്‍ നിന്നാണ് തീവ്രവാദവും ഭീകവാദവുമുണ്ടായത്'' എന്നാണ്. അതിനുള്ള തെളിവെന്താണ് എന്ന ചോദ്യത്തിന് ജമാഅത്തുകാരന്റെ മറുപടി, ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലോകത്ത് വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല തീവ്രവാദ ഗ്രൂപ്പുകളെ പറ്റിയും സലഫീ ഗ്രൂപ്പുകളാണ് എന്ന് പറയുന്നുണ്ട് എന്നാണ്. ഇറാക്വില്‍ കൂട്ട നശീകരണായുധങ്ങളുണ്ട് എന്ന പച്ചനുണ പ്രചരിപ്പിച്ച് കൊണ്ടാണ് അമേരിക്കയും സിയോണിസവും ഇറാക്വിനെ നശിപ്പിച്ചതും സദ്ദാം ഹുസൈനെ വധിച്ചതും. ഈ ആരോപണം സത്യമാണെന്ന് ധരിപ്പിക്കാന്‍ എന്തെല്ലാം തെളിവുകള്‍(?) സാമ്രാജ്യത്വ ശക്തികള്‍ ഇന്റര്‍നെറ്റ് വഴിയും മീഡിയകള്‍ വഴിയും പ്രചരിപ്പിച്ചു? അതൊക്കെ ജമാഅത്തുകാര്‍ ആധാരമാക്കിയിരുന്നോ? 
നിഗൂഢമായ ലക്ഷ്യത്തോടെ ഇസ്‌ലാമിന്റെ ശത്രുക്കളും സലഫിയ്യതിന്റെ ശത്രുക്കളും പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് ജമാഅത്തുകാര്‍ സലഫികള്‍ തീവ്രവാദികളാണെന്ന് പറയാനായി കണ്ടുപിടിച്ച മഹാഭയങ്കര തെളിവ്!!
ഇസ്‌ലാമിക രാജ്യങ്ങളിലും മുസ്‌ലിം സമുദായത്തിലും തീവ്രവാദത്തിന്റെ നാമ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോഴൊക്കെ സലഫീ പണ്ഡിതലോകം അതിനെതിരെ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ഉസാമാ ബിന്‍ ലാദനെപ്പോലെയുള്ള തീവ്രവാദത്തിന്റെ എലമെന്റുകളെ പൊറുപ്പിക്കുകയല്ല മറിച്ച്, തങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് സുഊദീ അറേബ്യ ചെയ്തത്. ലോകത്തിന്റെ ഏതെങ്കിലും മുക്കുമൂലകളില്‍ നടക്കുന്ന ഒരു വിധ തീവ്രവാദ സമീപനങ്ങളെയും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്ത അനുഭവം സലഫികള്‍ക്കില്ല. ആര്‍ക്കും അത് തെളിയിക്കാനും കഴിയില്ല. ഉത്തരവാദപ്പെട്ട സലഫീ സംഘടനകളില്‍ നിന്നോ പണ്ഡിത ശ്രേഷ്ഠരില്‍ നിന്നോ അത്തരമൊരു പ്രോത്സാഹന സമീപനവുമുണ്ടായിട്ടില്ല. കേരളത്തിന്റെ പശ്ചാതലം തന്നെയെടുക്കാം. ഇവിടത്തെ ചില മുസ്‌ലിം യുവാക്കളില്‍ ചില സാഹചര്യങ്ങളില്‍ തീവ്രചിന്തകള്‍ നാമ്പെടുത്തുപ്പോള്‍ അതിനെതിരെ ആളുകളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചത് ഇവിടുത്തെ മുജാഹിദുകളാണ്. എന്നാല്‍ അത്തരം തീവ്രചിന്തയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ജമാഅത്ത് തുടക്കം മുതലേ സ്വീകരിച്ചത്. 
തീവ്രവാദത്തിന്റെ മാസ്റ്റര്‍ ബ്രൈന്‍ ജമാഅത്തും ഇഖ്‌വാനും തന്നെ.
കേരളത്തില്‍ മാത്രമല്ല, ലോകത്തുടനീളം മുസ്‌ലിം ഉമ്മത്തിലെ ചെറുപ്പക്കാരെ തീവ്രവല്‍ക്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ നേതാക്കളുടെ രചനകളും ജമാഅത്തിന്റെയും ഇഖ്‌വാന്റെയും പ്രവര്‍ത്തന പരിപാടികളുമാണ്. ഇത് കേവലമൊരു ആരോപണമല്ല. ഖണ്ഡിതമായ തെളിവിന്റെയും ചരിത്രത്തിന്റെയും പിന്‍ബലമുള്ള പച്ചപ്പരമാര്‍ത്ഥമാണ്. സലഫികള്‍ക്കെതിരില്‍ ജമാഅത്തുകാര്‍ നടത്തുന്ന ആരോപണങ്ങള്‍ പോലെ ഉണ്ടയില്ലാവെടിയല്ല ഇത്. 
ജമാഅത്തിന് നേരെ തീവ്രവാദം ആരോപിക്കപ്പെടുമ്പോള്‍ അവര്‍ തിരിച്ച് പറയാറുള്ളത്, ''ഞങ്ങള്‍ തീവ്രവാദികളല്ല, തീവ്രവാദത്തില്‍ പങ്കാളിയായതിന്റെ പേരില്‍ ഒറ്റ ജമാഅത്തുകാര്‍ക്കെതിരെയും ഇവിടെ ഇന്നോളം ഒരു കേസുമുണ്ടായിട്ടില്ല, ഒറ്റ ജമാഅത്തുകാരനും തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായിട്ടില്ല, അപ്പോള്‍ പിന്നെ എങ്ങനെയാണ് ജമാഅത്ത് തീവ്രവാദ സംഘടനയാണെന്ന് പറയുക'' എന്നാണ്. 
സ്വതന്ത്ര ഇന്ത്യയില്‍ രണ്ടു തവണ നിരോധിക്കപ്പെട്ട സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. അടിയന്തരാവസ്ഥയുടെ കാലത്ത് ജമാഅത്ത് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ജമാഅത്ത് നേതാക്കള്‍ മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതരായിട്ടുണ്ട്. നിരോധനം നീക്കിക്കിട്ടാന്‍ ജമാഅത്ത് കോടതികളെ സമീപിക്കുകയും വ്യവഹാരങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ പരസ്യമായ സത്യങ്ങളാണ്. എന്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ നേതാക്കളും നോട്ടപ്പുള്ളികളായി? അതൊന്നും വെറുതെയായിരുന്നില്ല. ജമാഅത്ത് സാഹിത്യങ്ങളിലും അതോപോലെ മൗദൂദിയുടേയും മറ്റു ഇഖ്‌വാന്‍ നേതാക്കളുടേയും രചനകളിലും ലിഖിതങ്ങളിലും മുസ്‌ലിം സമുദായത്തെ തീവ്രമായി ചിന്തിപ്പിക്കുന്ന ഒട്ടേറെ ആഹ്വാനങ്ങളും പരാമര്‍ശങ്ങളും ഉണ്ടായിരുന്നു എന്നതുകൊണ്ടു തന്നെയാണ്. ജമാഅത്ത് സാഹിത്യങ്ങളാണ് ജമാഅത്തുകാരെ പ്രതികളാക്കുന്നത്. അല്ലാതെ ജമാഅത്തുകാര്‍ക്കെതിരെ മറ്റുള്ളവര്‍ ആരോപണമുന്നയിച്ചത് കൊണ്ട് ജമാഅത്തുകാര്‍ പ്രതികളായതല്ല. 
ഇന്ത്യാരാജ്യത്തിന്റെ സവിശേഷ സാഹചര്യങ്ങളും ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ഇവിടെ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളും പരിഗണിച്ച് കൊണ്ട് പുതിയ പല പ്രവര്‍ത്തന പദ്ധതികളുമായാണ് ഇന്ന് ജമാഅത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യാവകാശം, ചാരിറ്റി പ്രവര്‍ത്തനം, സാഹിത്യം, സംഗീതം, സിനിമ, ടെലിഫിലിം തുടങ്ങി എല്ലാ രംഗത്തും നിറഞ്ഞു നില്‍ക്കാനുള്ള ശ്രമം ജമാഅത്തുകാര്‍ നടത്തി വരികയാണ് ഇന്ന്. 
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവായ അബുല്‍ അഅ്‌ലാ മൗദൂദിയെ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍ പരസ്യമായി തള്ളിപ്പറയുകയുണ്ടായി. മൗദൂദീ കൃതികളിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ഇനി ആരെങ്കിലുമൊക്കെ ചൂണ്ടിക്കാട്ടി കേരളത്തിലെ ജമാഅത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള സാധ്യതകളെ ഇല്ലാതാക്കാന്‍ വേണ്ടി മാത്രമാണ് ഈ തള്ളിപ്പറച്ചില്‍. എന്നാല്‍, മൗദൂദിയെ ആരെങ്കിലും വിമര്‍ശിച്ചാലോ? അപ്പോള്‍ കാണാം ജമാഅത്തുകാരന്റെ ക്രൗര്യം. മൗദൂദിയെ തള്ളിപ്പറഞ്ഞതില്‍ വല്ല ആത്മാര്‍ത്ഥതയും ജമാഅത്തുകാര്‍ക്കുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഇന്നിന്ന വീക്ഷണങ്ങളോടൊക്കെ ഇന്നയിന്ന കാരണങ്ങളാല്‍ ഞങ്ങള്‍ യോജിക്കുന്നു എന്ന് കാര്യകാരണ സഹിതം വ്യക്തമക്കലാണ്. അതാകട്ടെ, ഇന്നോളം ഉത്തരവാദപ്പെട്ട ഒരു ജമാഅത്തുകാരനും ചെയ്തിട്ടില്ല. മൗദൂദിയുടെ ഒരു കൃതിയും ജമാഅത്തുകാര്‍ ഫ്രീസ് ചെയ്തിട്ടില്ല. എല്ലാ കൃതികളും ഇന്നും വില്‍പന നടത്തി പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. എന്നുമാത്രമല്ല, ജമാഅത്ത് മെമ്പര്‍മാരിലെ മുമ്പന്‍മാരായ 'റുകുനു'കാര്‍ക്ക് ആ പദവി കിട്ടണമെങ്കില്‍ മൗദൂദിയുടെ ഖുതുബാത് അടക്കമുള്ള പത്ത് കൃതികള്‍ വായിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്. ജമാഅത്ത നടത്തിക്കൊണ്ടിരിക്കുന്ന സംഘടനാപരവും ആദര്‍ശപരവുമായ കാപട്യങ്ങളും കള്ളക്കളികളുമാണ് ഈ തള്ളിപ്പറയലിലും മറ്റുമുള്ളത് എന്ന് മനസ്സിലാക്കാന്‍ കാര്യങ്ങളെ നേരെ ചൊവ്വെ വീക്ഷിക്കുന്നവര്‍ക്ക് ഒരു പ്രയാസവുമില്ല. 
ജമാഅത്തും ഇഖ്‌വാനും മുസ്‌ലിം ഉമ്മത്തിനെ തീവ്രവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍
ഏതെങ്കിലും ജമാഅത്ത് അംഗം വല്ല തീവ്രവാദ-ഭീകരവാദ കുറ്റകൃത്യങ്ങളില്‍ അകപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുകയുണ്ടായോ ഇല്ലേ എന്നതല്ല ചിന്താവിഷയം. മറിച്ച്, മൗലാനാ മൗദൂദിയുടേയോ ഇഖ്‌വാന്‍ നേതാക്കളുടേയോ ചിന്തകളും രചനകളും മുസ്‌ലിം ഉമ്മത്തിലെ ചെറുപ്പക്കാരെ ജിഹാദികളും തീവ്രവാദികളും ഭീകരതയോട് സമരസപ്പെടുന്നവരും ആക്കിയിട്ടുണ്ടോ ഇല്ലേ എന്നതാണ്. ഉണ്ട് എന്നതിന് ധാരാളം തെളിവുകള്‍ തരാന്‍ പറ്റും. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥീ സംഘടനയായിരുന്ന 'സിമ'യെ ജമാഅത്ത് തള്ളിപ്പറഞ്ഞത് എന്തിന് വേണ്ടിയായിരുന്നു? മൗദൂദിയുടെ ആശയത്തില്‍ ജമാഅത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു എന്നതായിരുന്നില്ലേ സിമിയുടെ പരാതി? മൗലാനാ മൗദൂദിയുടെ ആശയങ്ങള്‍ അതേപോലെ നടപ്പാക്കണം എന്ന സിമിയുടെ കടുത്ത നിലപാട് സഹിക്കാതെ വന്നപ്പോഴല്ലേ ജമാഅത്ത് സിമിയെ തള്ളിപ്പറഞ്ഞത്? ആ 'സിമി' ഇന്ത്യയില്‍ ഇന്ന് നിരോധിക്കപ്പെട്ട സംഘടനയല്ലേ? ''ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'' എന്ന മുദ്രാവാക്യം ചുമരെഴുതി സാമൂഹ്യ സാഹചര്യത്തെ വഷളാക്കാനുള്ള പ്രേരണ സിമിക്കാര്‍ക്ക് കിട്ടിയത് സലഫികളില്‍ നിന്നായിരുന്നോ? അതോ മൗദൂദികളില്‍ നിന്നോ? ആ സിമിയല്ലേ പിന്നീട് ഇറാന്‍ പക്ഷപാതികളാവുകയും ഇസ്‌ലാമിക് ഫൗണ്ടേഷന്‍ രൂപീകരിച്ച് ശീഈ ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്? ആ സിമി വളര്‍ന്നല്ലേ പിന്നീട് കേരളത്തില്‍ എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയ്യുമൊക്കെയായി രൂപ പരിണാമങ്ങള്‍ പ്രാപിച്ചത്? കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിലേര്‍പ്പെടുന്നതിനിടെ സ്‌ഫോടനമുണ്ടായി 'രക്തസാക്ഷി'കളായവര്‍ സിമിക്കാര്‍ക്കിടയിലില്ലേ? കോഴിക്കോട് ജില്ലയില്‍ കൊടുവള്ളിക്കടുത്ത കരുവമ്പൊയില്‍ എന്ന സ്ഥലത്ത് ദീര്‍ഘകാലമായി ജമാഅത്തുകാരും എന്‍ ഡി എഫുകാരും ഒരുമിച്ചല്ലേ പള്ളി നടത്തിയിരുന്നത്? ഇപ്പോള്‍ എന്‍ ഡി എഫിന്റെ മുതിര്‍ന്ന നേതാവല്ലേ ആ പള്ളിയുടെ മുഖ്യ കാരദര്‍ശി? ഇപ്പോള്‍ ജമാഅത്തുകാര്‍ അവിടെ മറ്റൊരു പള്ളിയുണ്ടാക്കാന്‍ നിര്‍ബന്ധിതരായില്ലേ? ചുരുക്കത്തില്‍, മൗദൂദീ ചിന്തകളാണ് ജമാഅത്തിന്റേയും സിമിയുടേയും എന്‍ ഡി എഫിന്റേയുമൊക്കെ അടിസ്ഥാനം എന്ന് വ്യക്തം. ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ഇക്കൂട്ടരാണ് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദം കുത്തി വെച്ച യഥാര്‍ത്ഥ പ്രതികള്‍. ജമാഅത്തുകാരുടെ സംരക്ഷണത്തില്‍ വളര്‍ന്നവരും മൗദൂദിയുടേയും മറ്റു ഇഖ്‌വാന്‍ നേതാക്കളുടേയും ചിന്തയാല്‍ പ്രചോദിതരായവരുമാണ് ഇവരൊക്കെ. ജമാഅത്തുകാര്‍ നിഷേധിച്ചത് കൊണ്ടോ തല കുടഞ്ഞതു കൊണ്ടോ ഈ സത്യം ഇവിടെ ഇല്ലാതാവില്ല. 
'ലൈഫ്‌ബോയ്' എന്ന പേരിലൊരു സോപ്പുണ്ട്. ''ലൈഫ്‌ബോയ് എവിടെയോ അവിടെയാണാരോഗ്യം'' എന്നായിരുന്നു അതിന്റെ കമ്പനി പരസ്യം. അതേപോലെ ലോകത്ത് എവിടെയൊക്കെ 'ജിഹാദ്' ഉണ്ടോ അതിന്റെയൊക്കെ അവകാശികള്‍ തങ്ങളാണെന്ന് അവകാശം പറയല്‍ ജമാഅത്തുകാര്‍ക്ക് ഒരു ഹരമാണ്. നേരത്തെ പറഞ്ഞ പരസ്യ വാചകത്തെ വേണമെങ്കില്‍ നമുക്കിപ്പോള്‍ ''എവിടെ ജിഹാദുണ്ടോ അവിടെ ജമാഅത്തുണ്ട്'' എന്ന് മാറ്റിപ്പറയാന്‍ പറ്റും. താടിരോമം വളര്‍ത്തുന്നതോ ഉടുതുണി ഞെരിയാണിക്ക് മേല്‍ കയറ്റിയുടുക്കുന്നതോ മതപഠനത്തിന് വേണ്ടി യമനിലേക്ക് പോകുന്നതോ ഒക്കെയാണ് ജമാഅത്തുകാര്‍ വലിയ മത തീവ്രതയായും ഭീകരതയായും ഘോഷിക്കുന്നത്. വ്യക്തിസ്വാന്ത്ര്യത്തിന്റെ ഭാഗമായ ഇക്കാര്യങ്ങള്‍ എങ്ങനെയാണ് തീവ്രവാദമാകുന്നത് എന്ന് മനസ്സിലാകുന്നില്ല. 
മതം രാഷ്ട്രീയവല്‍ക്കരിക്കുന്നിടത്താണ് ഭീകരത ജന്‍മം കൊള്ളുന്നത്. 
ലോകത്തുടനീളമുണ്ടായ തീവ്രവാദത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്ന ലളിത സത്യം, ലോകത്ത് ആരൊക്കെ മതത്തിന് രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയോ, അത് എവിടെയൊക്കെയാണോ ഉണ്ടായത് അവിടങ്ങളിലാണ് തീവ്രവാദവും ഭീകരവാദവുമുണ്ടായത് എന്നതാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരനും ഏകാധിപതിയുമായി അറിയപ്പെട്ട 'ഹിറ്റ്‌ലര്‍' നടത്തിയതായി പറയപ്പെടുന്ന കൊടിയ ക്രൂരതകള്‍ മതവംശീയതയുടെ പേരിലായിരുന്നില്ലേ? ബോസ്‌നിയയില്‍ നടന്ന മുസ്‌ലിം കൂട്ടക്കുരുതികള്‍ മതവംശീയ ശുദ്ധീകരണത്തിന്റെ ഭാഗമായിരുന്നില്ലേ? ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളില്‍ നിന്ന് ഉയര്‍ന്ന് വന്ന സംഘ്പരിവാരവും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനവും വംശീയവെറിയുമൊക്കെ ഹിന്ദുമതത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ നിന്ന് ഉടലെടുത്തതല്ലേ? ഇന്ത്യയെ ഒരു രാമരാജ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ പേര് പറഞ്ഞല്ലേ ഇന്ത്യയില്‍ സംഘ്പരിവാരങ്ങള്‍ ഇതര മത വിഭാഗങ്ങള്‍ക്കെതിരെ നടത്തുന്ന എല്ലാ അതിക്രമങ്ങളുടെയും കാരണം? കുരിശുയുദ്ധങ്ങളുടെ പിന്നിലുള്ള പ്രേരക രഹസ്യവും വാസ്തവത്തില്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിച്ചതല്ലേ?
ഇസ്‌ലാമികലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാ അരാജകാവസ്ഥകള്‍ക്കും പിന്നില്‍ വാസ്തവത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെയും അതിന്റെ ചിന്ത സ്വാധീനിച്ചവരായ ആളുകളുടേയും കൈകളാണുള്ളത്. അറബ് ലോകത്ത് അരാജകത്വം വിതറിയ ''മുല്ലപ്പൂ വിപ്ലവം'' ഇഖ്‌വാനിന്റെ സൃഷ്ടിയായിരുന്നു. ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകളളണ് എല്ലാ രാജ്യങ്ങളുടെയും മുഖ്യപ്രശ്‌നമെന്നും മോശപ്പെട്ട ഭരണാധികാരികളെ മാറ്റി പകരം നല്ലവരെ പ്രതിഷ്ഠിക്കുകയെന്നതാണ് ഒരു മുസ്‌ലിമിന്റെ ഒന്നാമത്തെ ദൗത്യമെന്നുമുള്ള നിലയിലാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ പ്രചാരണം എന്നുമുണ്ടായിട്ടുള്ളത്. 
ഭരണദൂഷ്യങ്ങളാണ് മനുഷ്യന്റെ സകല അധാര്‍മികതകള്‍ക്കും കാരണമെന്നും ഭരണാധികാരിയെ മാറ്റലാണ് പ്രശ്‌ന പരിഹാരമെന്നുമാണ് മൗലാനാ മൗദൂദി ജനങ്ങളെ ഉപദേശിച്ചത്. സകല അനിസ്‌ലാമിക വ്യവസ്ഥിതികളേയും മാറ്റി പകരം സകല നാട്ടിലും ദൈവിക രാഷ്ട്രീയ വ്യവസ്ഥയുണ്ടാക്കലാണ് മുസ്‌ലിമിന്റെ ഒന്നാമത്തെ ബാധ്യതയെന്നും അതിന് വേണ്ടിയാണ് ഇസ്‌ലാം 'ജിഹാദ്' നിര്‍ബന്ധമാക്കിയതെന്നുമാണ് അബുല്‍ അഅ്‌ലാ മൗദൂദി തന്റെ 'ഖുതുബാതി'ലൂടെ ജനങ്ങളെ ഉല്‍ബോധിപ്പിച്ചത്. മൗദൂദിയുടേയും ഇഖ്‌വാന്‍ നേതാക്കളുടേയും തല തിരിഞ്ഞ ഈ രാഷ്ട്രീയ ഇസ്‌ലാമിക കാഴ്ച്ചപ്പാടുകളുടെ സ്വാധീനമാണ് മുസ്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നയിച്ചതും രാഷ്ട്രീയ അട്ടിമറി ശ്രമങ്ങളിലേക്ക് അവരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്തത്. 
മൗദൂദിയുടെ ഖുതുബാത് ഇസ്‌ലാമിനെ രാഷ്ട്രീയമായി വായിപ്പിക്കുന്ന കൃതിയാണ്. രാഷ്ട്രീയ അധികാരം സ്ഥാപിക്കുന്നതിന് വേണ്ടി അഥവാ, അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ അധികാരം സ്ഥാപിക്കുന്നതിന് വേണ്ടി മുസ്‌ലിമിനെ പ്രാപ്തനാക്കുന്നതിന് വേണ്ടിയാണ് നിസ്‌കാരം മുതല്‍ ഹജ്ജ് വരെയുള്ള മുഴുവന്‍ ഇബാദതുകളും അല്ലാഹു നിശ്ചയിച്ചത് എന്നിങ്ങനെ തുടങ്ങി ജിഹാദില്‍ ചെന്ന് അവസാനിക്കുന്നതാണ് മൗദൂദിയുടെ ഖുതുബാത്. ഭരണം കൈയ്യേല്‍ക്കാനുള്ള ഇസ്‌ലാമിക മാര്‍ഗ്ഗമായാണ് ജിഹാദിനെ അതില്‍ മൗദൂദി പരിചയപ്പെടുത്തിയത്. ചുരുക്കത്തില്‍, ജിഹാദില്‍ തുടങ്ങി ജിഹാദില്‍ അവസാനിക്കുന്നതാണ് മൗദൂദിയുടെ ഇസ്‌ലാം. അതായിരുന്നു അദ്ദേഹം നടത്തിയ ഖുതുബയുടെ ഉള്ളടക്കം. 
മൗദൂദിയും ജിഹാദും ജമാഅത്തും
ഇസ്‌ലാമിക ലോകത്ത് ജിഹാദ് എന്ന വിഷയം ഒന്നാം പ്രബോധന വിഷയമാക്കിയ ആദ്യ വ്യക്തി ഒരുപക്ഷേ മൗദൂദിയായിരിക്കും. പ്രബോധനം 50-ാം വാര്‍ഷിക പതിപ്പില്‍ നിന്നു തന്നെ നമുക്കത് വായിക്കാം. മൗദൂദിയുടെ ചിന്താരംഗത്തെ സംഭാവനകള്‍ വിവരിച്ച് കൊണ്ട് അതില്‍ ഏഴുതുന്നു: ''എന്റെ വീക്ഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ഇരട്ട സഹോദരന്‍മാരാണ്. രണ്ടിന്റേയും ഗര്‍ഭകാലവും ജനന സമയവും ഏറെക്കുറെ ഒന്നു തന്നെയാണ്. 1923ല്‍ ഈജിപ്തിലെ ഇസ്മാഈലിയ്യാ പട്ടണത്തിലാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സ്ഥാപിതമായത്. ജമാഅത്തെ ഇസ്‌ലാമിയുടെ ആവിര്‍ഭാവം 1941ല്‍ ആയിരുന്നുവെങ്കിലും മൗലാനാ മൗദൂദി ഇസ്‌ലാമിന്റെ വിപ്ലവാത്മക പ്രബോധനം 1923ല്‍ തര്‍ജുമാനുല്‍ ക്വുര്‍ആന്‍ മുഖേന ആരംഭിച്ചിരുന്നു. മൗലാന 'അല്‍ ജിഹാദുല്‍ ഇസ്‌ലാം' എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം 1923ലാണ് എഴുതിയത്. മൗലാനയുടെ വിപ്ലവ ചിന്തയും ദീനിനെ സംബന്ധിച്ചുള്ള സമ്പൂര്‍ണ വിഭാവനയും ഈ ഗ്രന്ഥത്തില്‍ സുതരാം പ്രകടമാണ്.'' (പുറം 154). 
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെടുന്നതിന്റെ 18 വര്‍ഷം മുമ്പ് അഥവാ, ഈജിപ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ രൂപീകൃതമാകുന്ന സമയത്ത് 1923ല്‍ മൗദൂദി ഇന്ത്യയിലിരുന്ന് ഇസ്‌ലാമിക ജിഹാദിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇസ്‌ലാമിക വിപ്ലവ ചിന്തകള്‍ പ്രഘോഷണം ചെയ്യുന്ന 'ഇസ്‌ലാമിക ജിഹാദ്' എന്ന ഗ്രന്ഥമാണ് മൗദൂദിയുടെ ചിന്തകളില്‍ നിന്ന് ആദ്യം വിരിഞ്ഞ വിഷപുഷ്പം. 
ഇസ്‌ലാമിക ദഅ്‌വതിന് ഒരു മുന്‍ഗണനാ ക്രമമുണ്ട്. ആളുകളുടെ മനസ്സില്‍ കറകളഞ്ഞ തൗഹീദ് (ഏകദൈവ വിശ്വാസം) സ്ഥാപിക്കലാണ് പ്രബോധനത്തില്‍ ഒന്നാമത്തേത്. ലോകത്ത് വന്ന സകല നബിമാരുടേയും പൂര്‍വ്വസൂരികളായ സലഫിന്റേയും മാര്‍ഗ്ഗവും മാതൃകയും അതായിരുന്നു. അവരാരും ജിഹാദിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടില്ല. മൗദൂദി തെറ്റായ രീതിയിലാണ് ഇസ്‌ലാമിനെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?
ഇനി മൗദൂദിയുടെ ഖുതുബാതില്‍ നിന്ന് നമുക്ക് വായിക്കാം: ''ഇസ്‌ലാം അതിന്റെ ആളുകളെ ഇപ്രകാരം സന്നദ്ധമാക്കിയതിന് ശേഷം അവരോട് പറയുന്നു. ഇതാ ഇപ്പോള്‍ നിങ്ങള്‍ ഭൂമുഖത്ത് അല്ലാഹുവിന്റെ സര്‍വ്വോപരി ഉത്തമന്‍മാരായ അടിമകളായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങളിനി മുമ്പോട്ട് കടന്ന് അല്ലാഹുവിനെ ധിക്കരിക്കുകയും അവന്റെ ഭൂമിയില്‍ രാജദ്രോഹികളായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൈകള്‍ പിടിച്ച് നിര്‍ത്തുകയും അല്ലാഹുവിന്റെ പ്രാതിനിധ്യമാകുന്ന അധികാരം സ്വയം കയ്യേല്‍ക്കുകയും ചെയ്യുക എന്ന്.'' (ഖുതുബാത്. പുറം 390). 
ധിക്കാരികളായ ഭരണാധികാരികളെ പിടിച്ചിറക്കിയ ശേഷം മനുഷ്യനോട് ഭൂമിയില്‍ സ്ഥാപിക്കാനായി അല്ലാഹു കല്‍പിച്ച ഖിലാഫത്(?) സ്വയം കയ്യേല്‍ക്കല്‍ എല്ലാ അടിമകളുടെയും മേല്‍ അല്ലാഹു നിശ്ചയിച്ച ബാധ്യതയാണെന്നാണ് മൗദൂദി ആഹ്വാനം ചെയ്യുന്നത്. മൗദൂദി ആഹ്വാനം ചെയ്ത ഈ സ്വയം കയ്യേല്‍ക്കലല്ലേ സത്യത്തില്‍ ഇറാക്വിലും സിറിയയിലും ഐസിസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്? അതുതന്നെയല്ലേ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഈജിപ്തില്‍ നടപ്പാക്കിയത്? അഥവാ, ഹുസ്‌നി മുബാറക് എന്ന സ്വേച്ഛാധിപതിയെ പുറംതള്ളാന്‍ വേണ്ടി മുല്ലപ്പൂ വിപ്ലവം പറഞ്ഞ് ആളുകളെ തെരുവിലിറക്കിയത്? അത് തന്നെയല്ലേ കേണല്‍ ഖദ്ദാഫിക്കെതിരെ ലിബിയയില്‍ ചെയ്തതും? 
ലോകമുസ്‌ലിംകള്‍ക്കിടയില്‍ അതിതീവ്രവാദം എന്ന ഒന്നുണ്ടെങ്കില്‍ അതിന്റെ പ്രേരണ മൗദൂദിയും പിന്നെ ഇഖ്‌വാന്‍ നേതാക്കളായ ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ് തുടങ്ങിയവരുടെ രചനകളാണെന്നതും പരസ്യമായ സത്യമാണ്. അതിന്റെ സംസാരിക്കുന്ന തെളിവുകളാണ് മുകളില്‍ ഉദ്ധരിച്ചത്. ഇഖ്‌വാന്‍ നേതാക്കളുടെ ഈ പ്രേരണ ഇഖ്‌വാന്‍ അണികള്‍ എന്നും പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റ് ശൈഖ് മുജീബുര്‍റഹ്മാന്റെ കൊലക്ക് പിന്നില്‍ അവിടത്ത് ജമാഅത്തുകാരുണ്ടായിരുന്നു എന്നതുകൊണ്ടാണല്ലോ ജമാഅത്ത് പ്രമുഖര്‍ക്കെതിരെ ഇപ്പോഴും കോടതിവിധികള്‍ വന്നുകൊണ്ടിരിക്കുന്നത്. പലര്‍ക്കും തൂക്കുമരം വിധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും കേരളത്തിലെ ജമാഅത്തുകാര്‍ പറയുന്നു, ജമാഅത്ത് ആദര്‍ശം തീവ്രവാദത്തിന് പ്രേരണ നല്‍കുന്നതല്ലെന്ന്!!
തീവ്രവാദികള്‍ക്കും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്യൂട്ടിയാണ് ജമാഅത്തുകാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സുഊദീ അറേബ്യയില്‍ വിമത സ്വരമുയര്‍ത്തി തീവ്ര നിലപാട് സ്വീകരിച്ച ഉസാമാ ബിന്‍ ലാദന്‍ ലോകത്തിന്റെ കണ്ണില്‍ കൊടിയ ഭീകരവാദിയായാണ് ഗണിക്കപ്പെടുന്നത്. എന്നാല്‍ ജമാഅത്തിന്റെ പ്രസിദ്ധീകരണാലയമായ ഐ പി എച്ചിന്റെ 'ഇസ്‌ലാം വിജ്ഞാന കോശ'ത്തിന്റെ 7-ാം വാള്യത്തില്‍ അഞ്ച് പേജുകള്‍ ഉസാമാ ബിന്‍ ലാദന്റെ പോരിശകള്‍ വര്‍ണിക്കുവാനാണ് ഉപയോഗിച്ചത്. അദ്ദേഹം ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നും അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്‍ ......പ്രസിദ്ധ ഇഖ്‌വാന്‍ പണ്ഡിതനാണെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഉസാമക്ക് തന്റെ തീവ്ര നിലപാടിന് പ്രചോദനമായത് എവിടെ നിന്നാണെന്ന് വ്യക്തമാണ്. എന്നിട്ടും ജമാഅത്തുകാര്‍ സലഫികള്‍ക്ക് നേരെ തീവ്രവാദവും ഭീകരവാദവും ആരോപിക്കുന്നു. ആ ആരോപണത്തിന് ഇതുപോലെ വല്ല തെളിവും തരാനുണ്ടോ എന്ന് ചോദിച്ചാല്‍ ജമാഅത്തുകാര്‍ മുങ്ങുകയും ചെയ്യുന്നു. 
പ്രബോധനം അമ്പതാം വാര്‍ഷിക പതിപ്പില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള ലേഖനത്തില്‍ പറയുന്നു:  ''താഴ്‌വരയില്‍ തീവ്രവാദം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്‌ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്‌സ് എന്ന സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന 'തഹ്‌രീകെ ഹുര്‍റിയത്തെ കാശ്മീര്‍' (കാശ്മീര്‍ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്കു രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാന്‍ അബ്ദുല്‍ക്വയ്യൂമാണ് മുന്നണിയുടെ അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അശ്‌റഫ് സഹ്‌റായി കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ മുത്തഹിദ് ജിഹാദ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളിലൊരാളാണ്.'' (പേജ്. 145).
കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ പ്രചോദന ശക്തി ജമാഅത്തെ ഇസ്‌ലാമിയാണെന്ന് ജമാഅത്തുകാര്‍ തന്നെ അഭിമാനപൂര്‍വ്വം എഴുതിയതാണ് മുകളില്‍ നാം വായിച്ചത്. 
ഇതിന് പുറമെ അഫ്ഗാനിലെ ജിഹാദിന് പിന്നില്‍ മൗദൂദിയായിരുന്നു എന്ന് സ്ഥാപിക്കുന്ന ലേഖനവും അതേ പ്രബോധനത്തിലുണ്ട്. ''എവിടെ തീവ്രവാദമുണ്ടോ അവിടെ ജമാഅത്തുണ്ട്'' എന്ന് സ്വയം സമ്മതിക്കുന്നതാണ് പ്രബോധനം 50-ാം വാര്‍ഷിക പതിപ്പിലെ ഓരോ ലേഖനവും. എന്നിട്ടും ഇപ്പോള്‍ പ്രബോധനത്തില്‍ ലേഖനമെഴുതുന്ന ജമാഅത്തുകാര്‍ പറയുന്നു, സലഫികളാണ് തീവ്രവാദത്തിന്റെ ആളുകളെന്ന്!! കുഷ്ഠ രോഗിയുടെ മനസ്സാണിവര്‍ക്ക്. 
ജമാഅത്തിന്റെ തീവ്രവാദത്തിന് ജമാഅത്ത് കൃതികളില്‍ നിന്ന് തന്നെ അല്‍ ഇസ്വ്‌ലാഹ് തെളിവ് ഉദ്ധരിച്ച് കാണിച്ച പോലെ സലഫികളുടെ തീവ്രവാദ പാരമ്പര്യത്തിന് ഒരു തെളിവുദ്ധരിക്കാന്‍ പ്രബോധനക്കാരെയും സകല ജമാഅത്തുകാരെയും അല്‍ ഇസ്വ്‌ലാഹ് വെല്ലുവിളിക്കുന്നു. നിങ്ങള്‍ പറയുന്നതില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഉന്നയിക്കുന്ന ആരോപണത്തിന് തെളിവിന്റെ തരിമ്പെങ്കിലം ഹാജരാക്കൂ നിങ്ങള്‍?
സമാപ്തം
സംഘ്പരിവാ ഫാഷിസം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ സര്‍വ്വ സംഹാര ശക്തിയോടെ വാ പിളര്‍ന്ന് നില്‍ക്കുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ പരസ്പര വിമര്‍ശനത്തില്‍ മാന്യത കൈകൊള്ളുന്നതാണ് നല്ലത് എന്ന തിരിച്ചറിവ് അല്‍ ഇസ്വ്‌ലാഹിനുണ്ട്. എന്നാല്‍, നനഞ്ഞിടം കുഴിക്കാന്‍ കൂടുതല്‍ എളുപ്പമാണെന്ന വിചാരത്തില്‍ ഇപ്പോള്‍ സലഫികള്‍ക്കെതിരെ അര്‍ത്ഥശൂന്യവും അടിസ്ഥാനരഹിതവുമായ പ്രചാരവേലയുമായി ജമാഅത്തുകാരും പ്രബോധനവും എല്ലാ പരിധിയും കടന്നാല്‍ പിന്നെ അവരുടെ മുഖംമൂടി അനാവരണം ചെയ്തു കാണിക്കേണ്ട ബാധ്യത യഥാര്‍ത്ഥ സലഫികളുടെ ഉത്തരവാദിത്തമായിത്തീരുന്നു. ആ തിരിച്ചറിവ് മാത്രമാണ് ഇത്രയും എഴുതാന്‍ പ്രേരകമായത്. സലഫികള്‍ക്ക് തങ്ങളുടെ നിരപരാധിത്വം ഇവിടത്തെ പൊതുസമൂഹത്തെയും ഭരണാധികാരികളെയും ബോധ്യപ്പെടുത്തേണ്ടതുണ്ടല്ലോ. തെറ്റുകളും തെറ്റിദ്ധാരണകളും തിരുത്തി സംയമനത്തോടെ മുന്നോട്ട് പോകുന്നതാണ് എല്ലാവര്‍ക്കും നല്ലത് എന്ന് ജമാഅത്ത് ലേഖകരെ പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ. ഇന്‍ ഷാഅല്ലാഹ്, ബാക്കി വേണ്ടി വന്നാല്‍ പിന്നീടാകാം.   
 

PDF icon Download PDF (94.9 KB)